Sunday, November 4, 2007

കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ജീര്‍ണ്ണതകളെ പ്രതിരോധിച്ച വിപ്ലവകാരി


കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണ്ണതകളെക്കുറിച്ചും, ആദര്‍ശത്തെ നശിപ്പിക്കുന്ന വര്‍ത്തമാനകാല നേതാക്കളെക്കുറിച്ചും ആര്‍ജ്ജവത്തോടെ വിമര്‍ശനം അഴിച്ചുവിടാന്‍ ധൈര്യം കാണിച്ചവര്‍ കേരളത്തില്‍ എം എന്‍ വിജയന്‍ മാസ്റ്ററെപ്പോലെ അധികമാരും ഉണ്ടാവില്ല. ജീവിച്ചിരിക്കുമ്പോള്‍ വിജയന്‍ മാസ്റ്ററെ കടിച്ചുകീറാന്‍ ശ്രമിച്ച ഇടതുപക്ഷ സഹയാത്രികരായ പല ബുദ്ധീജീവിനാട്യക്കാരും മാഷിന്റെ നിര്യാണത്തിന്‌ ശേഷവും അദ്ദേഹത്തിന്റെ മഹത്വത്തെ തമസ്കരിക്കുവാനാണ്‌ ശ്രമിച്ചതെന്നതാണ്‌ വസ്തുത. അതുകൊണ്ട്‌ തന്നെയാണ്‌ വിജയന്‍ മാഷിനെ 'ഫ്രോയിഡിയിന്‍ ചിന്തകളെ മനഃശാസ്ത്രപരമായി സാഹിത്യത്തില്‍ സന്നിവേശിപ്പിച്ച സാഹിത്യനിരൂപകനെന്ന്‌' വിശേഷിപ്പിച്ച്‌ മാത്രം ഒതുക്കുവാന്‍ കെ ഇ എന്‍ അടക്കമുള്ള ഇടതുപക്ഷ സഹയാത്രികര്‍ ശ്രമം നടത്തിയത്‌.



മുഖം മൂടിയണിഞ്ഞ്‌ പ്രത്യയശാസ്ത്രത്തെ വ്യഭിചരിക്കുന്ന ചില ഇടതുനേതാക്കള്‍ക്ക്‌ വിജയന്‍ മാഷ്‌ ഒരു പേടി സ്വപ്നമായിരുന്നു. അതുകൊണ്ട്‌ തന്നെ അവര്‍ അദ്ദേഹത്തെ വളരെയധികം ഭയന്നു. തോളിലിരുന്ന്‌ ചെവി കടിക്കുന്നു എന്ന തോന്നലുകൊണ്ടാവാം അവര്‍ അദ്ദേഹത്തെ ദേശാഭിമാനി വാരികയുടെ എഡിറ്റര്‍ സ്ഥാനത്ത്‌ നിന്ന്‌ നീക്കി. രാഷ്ട്രീയപ്രവര്‍ത്തനത്തിനുള്ള ഫണ്ടിന്റെ പേരില്‍ സാമ്രാജത്വശക്തികളുടെ പണം കൊണ്ട്‌ മടിശ്ശീലയുടെ കനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച പല സംസ്ഥാന തല നേതാക്കളുടെയും കണ്ണിലെ കരടായി അദ്ദേഹം മാറാന്‍ അധിക കാലമൊന്നും വേണ്ടിവന്നില്ല. ദേശാഭിമാനി വാരികയുടെ എഡിറ്ററായി അവരോധിതനായ ആദ്യകാലങ്ങളില്‍ വിജയന്‍ മാസ്റ്റര്‍ കേരളത്തിലെ ഇടതു നേതാക്കള്‍ക്ക്‌ അഭിമതനായിരുന്നു. പുരോഗമന കലാസാഹിത്യസംഘത്തിന്റെയും അധിനിവേശ പ്രതിരോധ സമിതിയുടെയും അധ്യക്ഷനായിരുന്ന അദ്ദേഹം തികഞ്ഞ ഒരു ഇടതുപക്ഷ സൈദ്ധാന്തികനായിരുന്നുവെന്ന കാര്യം ആരും തന്നെ അംഗീകരിക്കും.



എന്നാല്‍ അതേ സമയം തന്നെ ഇടതുനയവൈകല്യത്തിന്റെ അതിശക്തനായ വിമര്‍ശകനായി മാറിയ എം എന്‍ വിജയനെ ഉള്‍ക്കൊള്ളാന്‍ സി പി എം നേതാക്കള്‍ തയ്യാറാവില്ല. നാലാം ലോക സിദ്ധാന്തത്തിന്റെ നവ വ്യാഖ്യാനവുമായി രംഗത്തെത്തിയ എം പി പരമേശ്വരനെയും എ കെ ജിയ്ക്കും ഇ എം എസിനും മറ്റുമെതിരായ വിമര്‍ശനങ്ങളുമായെത്തിയ പി ജി ഗോവിന്ദപ്പിള്ളയെയും പ്രതിരോധിക്കാന്‍ വിജയന്‍ മാഷും കൂട്ടാളികളും മാത്രമെ ഒരു കാലത്തുണ്ടായിരുന്നുള്ളൂ. മാനവീയമെന്ന കലാസാംസ്കാരിക പരിപാടിയുടെ പേരില്‍ ധൂര്‍ത്തിന്റെ വക്താക്കളായി ഇടതുപക്ഷം സംസ്ഥാനത്ത്‌ നിറഞ്ഞാടിയപ്പോള്‍ വിജയന്‍മാഷ്‌ രൂക്ഷമായ ഭാഷയിലാണ്‌ വിമര്‍ശനം അഴിച്ചുവിട്ടത്‌.



നിയോറിബലിസത്തിന്റെ സ്വാധീനത്തിലമര്‍ന്ന്‌ സാസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കാനെന്ന പേരില്‍ കളം നിറഞ്ഞാടുന്ന ഇന്നത്തെ സാസ്കാരിക വിദ്യാഭ്യാസ മന്ത്രി എം എ ബേബിയെപ്പോലുള്ളവരോട്‌ തോള്‍ചേര്‍ന്ന്‌ നില്‍ക്കാന്‍ മാത്രം സഹിഷ്ണുത മാഷിനില്ലായിരുന്നു. പാഠം മാസികയ്ക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്‌ നല്‍കിയ അപകീര്‍ത്തികേസ്‌ ഹൈക്കോടതി തള്ളിയതിനെക്കുറിച്ച്‌ വിശദീകരിക്കാന്‍ തൃശൂര്‍ പ്രസ്‌ ക്ലബില്‍ ഇന്നലെ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലും തന്റെ നിലപാടുകള്‍ ആര്‍ജ്ജവത്തോടെയായിരുന്നു അദ്ദേഹം അറിയിച്ചത്‌. പരിഷത്തിനും തോമസ്‌ ഐസകിനും എതിരായ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ്‌ എറണാകുളം കോടതിയില്‍ നിന്ന്‌ വിധിയുണ്ടായതെന്നിരിക്കെ മന്ത്രിയ്ക്കെതിരെയും പരിഷത്തിനെതിരെയും നടപടി വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.വളരെ കാലങ്ങള്‍ക്ക്‌ ശേഷം വിജയന്‍ മാഷിന്റെ അഭിപ്രായപ്രകടനത്തെ സി പി എം നേതാക്കള്‍ ഒട്ടൊന്ന്‌ അനുകൂലിക്കുകയുണ്ടായി. അത്‌ തലശ്ശേരിയില്‍ സി പി എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തെ ന്യായീകരിക്കുന്ന തരത്തിലായിരുന്നു വിജയന്‍ മാഷിന്റെ അഭിപ്രായ പ്രകടനമെന്നതാണ്‌ അതിന്‌ കാരണമായത്‌.



'അമ്മയ്ക്ക്‌ മുന്നിലിട്ട്‌ മകനെ വെട്ടിക്കൊല്ലുന്നതിനേക്കാള്‍ ക്രൂരമല്ല കുട്ടികളുടെ മുന്നില്‍ വച്ച്‌ അധ്യാപകനെ വെട്ടിക്കൊല്ലുന്നത്‌' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. വിജയന്‍ മാഷിന്റെ ഈ വാക്കുകള്‍ക്ക്‌ മാത്രമാണ്‌ കേരളത്തിലെ ഇടതുപക്ഷ സഹയാത്രികരായ ബുദ്ധിജീവിനാട്യക്കാര്‍ അടുത്ത കാലത്ത്‌ അല്‍പമെങ്കിലും കാതുകൊടുത്തതെന്നത്‌ നിഷേധിക്കാനാവാത്ത വസ്തുത. പാഠം മാസികയിലും മറ്റും പ്രസിദ്ധീകരിച്ചു വന്ന അദ്ദേഹത്തിന്റെ ലേഖനങ്ങളെല്ലാം തന്നെ ജനങ്ങളെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നവയായിരുന്നു. ആദര്‍ശത്തെപ്പറ്റി പ്രസംഗിക്കുകയും അത്‌ പ്രായോഗികവത്കരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ വക്താക്കളുടെ പൊള്ളത്തരങ്ങള്‍ക്ക്‌ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിലൂടെ പലപ്പോഴും ചുട്ടമറുപടി ലഭിക്കുകയും ചെയ്തു.



കാറ്റും വെളിച്ചവും കടത്തിവിട്ടാല്‍ പ്രസ്ഥാനത്തിന്റെ ചട്ടക്കൂടുകള്‍ തകരുമെന്ന്‌ അസന്നിഗ്ദമായി പ്രഖ്യാപിച്ച വിജയന്‍ മാഷിന്റെ വാക്കുകളൊന്നും തന്നെ കേരളം അത്രവേഗം മറക്കില്ല. അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും സംവേദനം ചെയ്യുന്ന വസ്തുതകളും മലയാളിയുടെ മനസ്സില്‍ നിന്ന്‌ പെട്ടെന്നൊന്നും മായില്ല. അതുകൊണ്ട്‌ തന്നെയാണ്‌ ഫ്രോയിഡിയന്‍ ചിന്തകളെ അടിസ്ഥാനമാക്കി നിരൂപണം നടത്തിയ സാഹിത്യകാരനെന്ന്‌ മാത്രം വിജയന്‍ മാഷിനെ വിശേഷിപ്പിക്കാന്‍ ഇടതുപക്ഷ സഹയാത്രികരായ പല ചിന്തകരും നിര്‍ലജ്ജം ശ്രമിക്കുന്നത്‌.