Thursday, February 14, 2008

കോട്ടയത്ത്‌ കൊട്ടിക്കലാശം 'പിണറായി വിജയം' വീണ്ടും


സോഷ്യലിസത്തിന്റെ പാതവിട്ട്‌ മുതലാളിത്തത്തിന്റെ വഴിയിലേക്ക്‌ സഞ്ചരിക്കുവാന്‍ താല്‍പര്യപ്പെടുന്ന സി പി എമ്മെന്ന കോര്‍പറേറ്റ്‌ പ്രസ്ഥാനത്തിന്റെ അധ്യക്ഷപദവി കൈമാറുവാന്‍ താന്‍ ഒരുക്കമല്ലെന്ന്‌ പിണറായിവിജയന്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്‌. എണ്‍പത്തിനാല്‌ സംസ്ഥാനകമ്മിറ്റിയംഗങ്ങളില്‍ തൊണ്ണൂറ്‌ ശതമാനത്തിലധികം പേരുടെയും പിന്തുണയോടെ വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദനെ വേലിയ്ക്ക്‌ പുറത്തേക്ക്‌ ഒതുക്കിനിര്‍ത്തി, ഐകകണ്ഠ്യേനയായിരുന്നു വിജയന്റെ സ്ഥാനാരോഹണം.

കണ്ണൂരിലെ രാഷ്ട്രീയക്കളരിയില്‍ നിന്നും അഭ്യസിച്ച വെട്ടിനിരത്തില്‍ പാഠങ്ങള്‍ ഹൃദിസ്ഥമാക്കിയ പിണറായിക്കാരന്‌ യാഥാസ്ഥിക കമ്മ്യൂണിസത്തെ മുറുകെ പിടിച്ച വി എസ്‌ ഒരിക്കല്‍ അഭിമതനായിരുന്നു. എന്നാല്‍ ചടയന്‍ ഗോവിന്ദന്‌ ശേഷം 98 ല്‍ പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്ത്‌ അവരോധിതനായ പിണറായി വിജയന്‍ ആദ്യം ചെയ്തത്‌ തനിക്കൊപ്പം നിലയുറപ്പിച്ചിരുന്ന- തന്നെക്കാള്‍ കാല്‍നൂറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള വി എസിനെ തള്ളിപ്പറയുകയായിരുന്നു. 2003 ല്‍ പി ബി അംഗമായപ്പോള്‍ തള്ളിപ്പറയലിന്‌ ശക്തികൂടി ഒതുക്കിനിര്‍ത്തലിന്റെ വക്കത്തെത്തി. കണ്ണൂര്‍, മലപ്പുറം സമ്മേളനങ്ങളില്‍ പിണറായി വിജയന്‍ മാത്രമായിരുന്നു താരം. സി പി എം പ്രവര്‍ത്തനപദ്ധതി ഭേദഗതി ചെയ്ത ഹൈദരാബാദ്‌ കോണ്‍ഗ്രസിന്റെയും തിരുവനന്തപുരം സ്പെഷല്‍ കോണ്‍ഫറന്‍സിന്റെയും തീരുമാനങ്ങള്‍ പിണറായിയ്ക്കനുകൂലമായത്‌ സ്വാഭാവികം മാത്രം.

കമ്മ്യൂണിസത്തിന്റെ ആദര്‍ശങ്ങള്‍ പൂവിട്ടുപൂജിച്ച്‌ ഒരിടത്തേക്ക്‌ മാറ്റിനിര്‍ത്തുവാന്‍ മാത്രമെ ഉപകരിക്കുകയുള്ളൂവെന്നും കമ്പോളകേന്ദ്രീകൃത സമ്പദ്രായത്തിന്‌ ഓശാന പാടുന്ന നവലിബറലിസത്തിന്റെ പാതയിലേക്ക്‌ മാത്രമെ പാര്‍ട്ടി ഇനി സഞ്ചരിക്കാവൂവെന്നും വിജയന്‍ പറയാതെ പറഞ്ഞുകൊണ്ടിരുന്നു. തീര്‍ത്തും പരാജയപ്പെട്ട- യൂറോപ്യന്‍ രാജ്യങ്ങള്‍ പടിയടച്ച്‌ പിണ്ഡം വച്ച- കമ്മ്യൂണിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിന്റെ മൃതശരീരത്തെ ആരാധിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നത്‌ വിശ്വസിക്കാന്‍ കേരളത്തിലെ 'അണി'കള്‍ക്കായില്ല.. അല്ലെങ്കില്‍ 'നമ്മുടെ പാര്‍ട്ടി' എന്ന വിവക്ഷ കൊണ്ട്‌ പാര്‍ട്ടിയെന്നത്‌ ഒരു വികാരമായി കൊണ്ടുനടക്കുന്ന ശരാശരി അണികളെ പിണറായിയടക്കമുള്ള നവലിബറലിസത്തിന്റെ വക്താക്കള്‍ തെറ്റിദ്ധരിപ്പിച്ചു.

പിണറായിയുടെ ഒരു പ്രസംഗത്തില്‍ 'പാര്‍ട്ടി', 'ഞങ്ങള്‍' എന്നീ പ്രയോഗങ്ങള്‍ ഇടതടവില്ലാതെ കടന്നുവരുന്നത്‌ ഇത്തരം തെറ്റിദ്ധരിപ്പിക്കല്‍ പ്രക്രിയയുടെ ഭാഗമായിരുന്നു. അതുതന്നെയായിരുന്നു പിണറായിയുടെ വിജയവും. പിണറായിയുടെ കുശാഗ്രബുദ്ധിയുടെയും തന്ത്രങ്ങളുടെയും പരിണിത ഫലത്തിനാണ്‌ ഫലത്തിനാണ്‌ കോട്ടയം സമ്മേളനവും സാക്ഷ്യം വഹിച്ചത്‌. വി എസ്‌ പക്ഷം പിണറായിപക്ഷത്തിനൊരിരയേ അല്ലെന്ന്‌ തെളിയിക്കുന്നതായിരുന്നു പ്രതിനിധിസമ്മേളനവും ചര്‍ച്ചാവേളകളും തെളിയിച്ചത്‌. വി എസിന്റെ ഗിമ്മിക്കുകളിലൂടെ ആര്‍ജ്ജിച്ചെടുത്ത ജനപ്രീതികൊണ്ടു നേടിയ പാര്‍ലമെന്റ്‌ വിജയത്തിന്റെ എല്ലാ ആനുകൂല്യങ്ങളും നിര്‍ലജ്ജം അനുഭവിച്ച പിണറായിയടക്കമുള്ളവര്‍ ഇരുപത്തിയൊന്ന്‌ മാസത്തിന്‌ ശേഷം സംസ്ഥാനസമ്മേളനത്തില്‍ അദ്ദേഹത്തെ തള്ളിപ്പറഞ്ഞു. പാര്‍ട്ടിയുടെ സൈദ്ധാന്തികമായ ചട്ടക്കൂടുകള്‍ക്ക്‌ പുറത്തുകടന്ന്‌ ജനങ്ങളുടെ പ്രശ്നങ്ങളില്‍ താന്‍ ഇടപെടുന്നുണ്ടെന്ന്‌ ജനങ്ങളെ തോന്നിപ്പിക്കുകയെന്ന തന്ത്രം വി എസ്‌ പുറത്തെടുത്തപ്പോള്‍ മൂന്നാര്‍ സംഭവവും , എച്ച്‌ എം ടി ഇടപാടും, ലാന്റ്‌ മാഫിയാ പ്രയോഗവുമെല്ലാം പാര്‍ട്ടിയ്ക്ക്‌ ക്ഷീണം ചെയ്തുവെന്ന്‌ പറഞ്ഞാണ്‌ പിണറായി തിരിച്ചടിച്ചത്‌. മൂന്നാര്‍ കയ്യേറ്റവും, ലോട്ടറി ഇടപാടും, നായനാര്‍ ഫുട്ബാള്‍ ഫണ്ടും, പി ജെ ജോസഫിന്റെയും കുരുവിളയുടെയും രാജിയും, നികൃഷ്ടജീവിപ്രയോഗവും, മെര്‍ക്കിസ്റ്റണ്‍, എച്ച്‌ എം ടി ഇടപാടുകളുമെല്ലാം ഇടതുപക്ഷത്തിന്റെ തനിനിറം ജനങ്ങള്‍ക്ക്‌ മുന്നില്‍ തുറന്നുകാണിക്കുകയായിരുന്നു. വി എസിന്റെ ഗിമ്മിക്കുകള്‍ക്ക്‌ മാധ്യമങ്ങളുടെ നിരുപാധിക പിന്തുണ ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ നിലപാട്‌ പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക്‌ കോട്ടം വരുത്തുമെന്ന്‌ പിണറായി പ്രചരിപ്പിച്ചു. വി എസിനെ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന്‌ പിണറായിയ്ക്ക്‌ ഏറാന്‍ മൂളുന്ന സംസ്ഥാന സമിതി നിര്‍ദ്ദേശം പോളിറ്റ്‌ ബ്യൂറോയ്ക്ക്‌ അത്രകണ്ട്‌ ദഹിച്ചില്ല. തങ്ങള്‍ക്ക്‌ മേല്‍ പി ബി അടിച്ചേല്‍പ്പിച്ച മുഖ്യമന്ത്രിയ്ക്കെതിരെ പിണറായിവിഭാഗം പക തീര്‍ത്തത്‌ വി എസിന്‌ ഒട്ടും അഭിമതരല്ലാത്ത ചിലരെ മന്ത്രി സഭയില്‍ കുത്തിനിറച്ചാണ്‌.

വാടയ്ക്കെടുത്ത നാവുമായി ജി സുധാകരനും, അരിയുപേക്ഷിച്ച്‌ കോഴിയും പാലും ശീലമാക്കണമെന്ന്‌ ഉപദേശിച്ച ദിവാകരന്‍, തെങ്ങിന്റെ മണ്ടയില്‍ നിന്ന്‌ വികസനമുണ്ടാവില്ലെന്ന്‌ ജനങ്ങളെ ഉദ്ബോധിപ്പിച്ച എളമരം കരീം ഇവരെല്ലാം തന്നെ തങ്ങളുടെ 'റോള്‍' ഭംഗിയായി നിര്‍വ്വഹിച്ചു. ഈ മന്ത്രിമാര്‍ക്കെതിരെയുള്ള വി എസിന്റെ പരാമര്‍ശങ്ങളെ വിവാദത്തിലേക്ക്‌ വഴിച്ചിട്ട്‌ വിഭാഗീയതെ പ്രോത്സാഹിപ്പിക്കുന്നത്‌ വി എസാണെന്ന്‌ പാര്‍ട്ടിതലത്തില്‍ പ്രചരിപ്പിക്കുവാനും പിണറായിയ്ക്ക്‌ സാധിച്ചു. പാര്‍ട്ടിയുടെ നിയന്ത്രണം പൂര്‍ണമായും തന്റെ വരുതിയിലാണെന്ന്‌ കോട്ടയം സമ്മേളനത്തോടെ പിണറായി വിജയന്‍ വീണ്ടും തെളിയിച്ചു. ഇത്തവണത്തെ സംസ്ഥാന സമിതിയിലേക്കുള്ള പുതുമുഖങ്ങളില്‍ വയനാട്‌ ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഒഴികെ മറ്റാരും തന്നെ വി എസിനനുകൂലമായി ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടുത്തിയില്ല. വി എസ്‌ വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ്‌ വകവയ്ക്കാതെയാണ്‌ കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും ജനവിധി നേടി പരാജയപ്പെട്ട സര്‍വ്വീസ്‌ സഹകരണബാങ്ക്‌ അധ്യക്ഷന്‍ കടകം പള്ളിസുരേന്ദ്രനെ സംസ്ഥാനസമിതിയിലേക്ക്‌ പിണറായി പക്ഷം ഉള്‍പ്പെടുത്തിയത്‌.
കോട്ടയം സമ്മേളനത്തോടെ വിഭാഗീയത ഇല്ലാതാക്കുമെന്നും വിഭാഗീയതയുടെ വക്താക്കളെ പാര്‍ട്ടിവിരുദ്ധരായി പുറത്തിരിത്തുമെന്ന പിണറായിയുടെ പ്രസ്താവനയും പരിശോധിക്കപ്പെടേണ്ടതുണ്ട്‌.


പ്രത്യയശാസ്ത്രത്തിനുള്ളില്‍ നിന്നുകൊണ്ട്‌ തന്നെ ആശയപരമായ ചില നിലപാടുകളില്‍ വേറിട്ടവഴി സ്വീകരിക്കുന്നതിന്‌ പകരം പാര്‍ട്ടി രണ്ടു വ്യക്തികളിലേക്ക്‌ കേന്ദ്രീകരിക്കപ്പെടുന്നതില്‍ പിണറായിയും വി എസും തങ്ങളുടെതായ പങ്ക്‌ വഹിച്ചിട്ടുണ്ടെന്ന്‌ ഏവര്‍ക്കും അറിയാം. പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും താല്‍പര്യങ്ങള്‍ രണ്ടാണെന്ന്‌ പിണറായി പല തവണ വ്യക്തമാക്കിക്കഴിഞ്ഞു. മൂലധനസമുച്ചയത്തിന്‌ മുന്നില്‍ പകച്ചുപോവുന്ന ഇന്നത്തെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം കാലഹരണപ്പെട്ടുവെന്ന്‌ തെളിയിക്കുന്ന പിണറായി വിജയന്‍ തന്നെ വീണ്ടും പാര്‍ട്ടി അധ്യക്ഷനാവുന്നതോടെ ഒരു കാര്യം വ്യക്തമാവുന്നു. ഇനി പ്രസംഗങ്ങളില്‍ പോലും സോഷ്യലിസവും, തൊഴിലാളിവര്‍ഗ്ഗഅവകാശവും അധികപറ്റാണെന്നതാണ്‌ നവലിബറലിസത്തിന്റെ മുഖ്യവക്താവിന്റെ സ്ഥാനാരോഹണം കേരളജനതയോട്‌ വിളിച്ചുപറയുന്നത്‌.

പിണറായിയുടെ ഐകകണ്ഠ്യേനയുള്ള തിരഞ്ഞെടുപ്പ്‌ വി എസ്‌ പക്ഷത്തിന്റെ ദയനീയ മുഖം വളരെ വ്യക്തമാക്കുന്നുമുണ്ട്‌. നികൃഷ്ടജീവിപ്രയോഗവും എടോ വിളികളും കൂട്ടിക്കലര്‍ത്തിയ വാമൊഴിവഴക്കത്തിന്റെ സൗന്ദര്യം പാര്‍ട്ടി സെക്രട്ടറിയുടെ മുഖത്തില്‍ നിന്ന്‌ പൂര്‍വ്വാധികം ശക്തിയോടെ ഇനി കേള്‍ക്കാം... പാര്‍ട്ടി എന്ന്‌ പറഞ്ഞാല്‍ താനാണെന്നും തന്റെ അധികാരത്തിലുള്ള കോര്‍പ്പറേറ്റ്‌ സംഘടനയില്‍ വിഭാഗീയതയ്ക്ക്‌ വലിയ റോളൊന്നുമില്ലെന്നും പിണറായി അടിവരയിട്ടുകഴിഞ്ഞു. വി എസിനെ കൊണ്ടു 'തെറ്റുതിരുത്തും'എന്നൊരേറ്റുപറച്ചില്‍ നടത്തിച്ചത്‌ പിണറായിയുടെ പൂര്‍ണാധീശത്വത്തെ യാതൊരു സംശയങ്ങള്‍ക്കുമിട നല്‍കാത്ത വിധം ഊട്ടിയുറപ്പിക്കുന്നു.

2 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

സോഷ്യലിസത്തിന്റെ പാതവിട്ട്‌ മുതലാളിത്തത്തിന്റെ വഴിയിലേക്ക്‌ സഞ്ചരിക്കുവാന്‍ താല്‍പര്യപ്പെടുന്ന സി പി എമ്മെന്ന കോര്‍പറേറ്റ്‌ പ്രസ്ഥാനത്തിന്റെ അധ്യക്ഷപദവി കൈമാറുവാന്‍ താന്‍ ഒരുക്കമല്ലെന്ന്‌ പിണറായിവിജയന്‍ വീണ്ടും തെളിയിച്ചിരിക്കുകയാണ്‌. എണ്‍പത്തിനാല്‌ സംസ്ഥാനകമ്മിറ്റിയംഗങ്ങളില്‍ തൊണ്ണൂറ്‌ ശതമാനത്തിലധികം പേരുടെയും പിന്തുണയോടെ വേലിക്കകത്ത്‌ ശങ്കരന്‍ അച്യുതാനന്ദനെ വേലിയ്ക്ക്‌ പുറത്തേക്ക്‌ ഒതുക്കിനിര്‍ത്തി, ഐകകണ്ഠ്യേനയായിരുന്നു വിജയന്റെ സ്ഥാനാരോഹണം.

ഹരിയണ്ണന്‍@Hariyannan said...

എന്തൊക്കെയായിരുന്നൂ...

എകെ 47,നാടന്‍ തോക്ക്,മലപ്പുറം കത്തി...
ഒടുക്കം പിണറായി ................ആയി!!